Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, January 26, 2011

പുലർകാലത്തെ മഞ്ഞ്


പുലർകാലത്ത്
വെയിലിറങ്ങിപ്പോയ
മലഞ്ചെരുവുകളിൽ
പറങ്കിമാവിൻ തോപ്പുകളിലെ
അവസാനത്തെ നിന്റെ ഇറ്റുവീഴൽ.

എപ്പോഴായിരിക്കും
നീ ഇതു വഴി വന്നിട്ടുണ്ടാവുക.

ഒറ്റക്കായിരിക്കും.
ഉറപ്പുകളുടെ കോടമഞ്ഞ്
കാറ്റിനോടൊപ്പം വീശിയെറിഞ്ഞ്
ഇരുൾ മാളങ്ങളിലേക്ക്
ഓടിപ്പോയിട്ടുണ്ടാവും.

ഓർമ്മകളെ
ഒറ്റമുടിനാരുകൊണ്ട് വലിച്ചു കെട്ടി
വെയിൽ വരും മുൻപേ
അണിയിച്ചൊരുക്കാൻ
ഇറ്റു വീഴുമായിരിക്കും
പുലർകാലത്തെ ഈ മഞ്ഞ്.

Friday, December 31, 2010

തുരുമ്പ്

മത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.
എത്ര തുരുമ്പ് കേറിയാലും
അയളാ ജോലി
ഉപേക്ഷിച്ച് പോവില്ലെന്ന്
എല്ലാവര്‍ക്കുമറിയാം.

നാട്ടില്‍ പോയി
തിരിച്ചു വരുന്ന സുഹൃത്തുക്കളോട്
ഭാര്യയ്ക്കും കുട്ട്യോള്‍ക്കും സുഖാണോന്നും
അവരുടെ പുതിയ ഫോട്ടോയെങ്ങാനും
കൊണ്ടു വന്നിട്ടുണ്ടൊന്നും ചോദിക്കും.

പഴയ ഇരുമ്പ് സാധനങ്ങളില്‍
വടിവാള്‍,കത്തി,കഠാര
അയാളുടെ ഓര്‍മ്മകളെ
മൂര്‍ച്ചപ്പെടുത്തും.

നാട്ടിലായിരുന്നെങ്കില്‍
ഒരു ജീവപര്യന്തം കഴിഞ്ഞ്
സുഖമായി ജീവിതം തുടങ്ങിയേനെ.
പക്ഷേ
മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും എന്നെ.

Sunday, July 18, 2010

മഴ നിഴല്‍ പ്രദേശം

മറയൂരിലെ മൊട്ടക്കുന്നുകളില്‍
ഒലിച്ച് പോകാത്ത സ്വപനങ്ങളുണ്ട്.
ഒരു പക്ഷേ
ഉഴുതു മറിക്കുമ്പോള്‍
കിളിര്‍ക്കുകയും
കായ്ക്കുകയും ചെയ്യുന്നവ.

ഹൃദയത്തിന്റെ ഉടഞ്ഞ ഭൂമികയില്‍ നിന്നും
കള്ളിമുള്‍ച്ചെടികളുടെ തായ്‌വേരുകള്‍
ശീതീകരണത്തിന്റെ
ഏത് ജലപ്പരപ്പുകളിലാണഭയം തേടിയത്.
നാഞ്ചനും,രാമനും
ജാനുവും,മാണിയും
ഒരേ കലപ്പ കൊണ്ട് ഉഴുന്നു.
ഒരേ കണ്ണാല്‍ കാണുന്നു
ഒരേ കുടിലില്‍ അന്തിയുറങ്ങുന്നു.

മറയൂരിലെ പെണ്ണുങ്ങളിപ്പോള്‍
ചടുല താളത്തില്‍
മേഘമല്‍ഹാര്‍ പാടുന്നു.
പൊട്ടാത്ത ഒരോ വിത്തും
തണല്‍ കൊതിക്കാത്ത ഓരോ മരവും
പെയ്തൊഴിയാത്ത
മേഘങ്ങളെ നോക്കി ക്ഷുഭിതരാകുന്നു.
വര്‍ഷമാപിനിയളക്കാതെ
പെയ്യാനുള്ള സാധ്യതകളെ
വിലയിരുത്തുന്നു.
മുളവടിയും പനമ്പട്ടയും
മറച്ച ഊരുകളില്‍
മണ്ണിന്റേയും വിശപ്പിന്റേയും
നിലവിളിയറിയാത്ത കഞ്ഞുങ്ങള്‍ക്ക്
നാറാണത്തുഭ്രാന്തന്റെ
കഥ പറഞ്ഞുകൊടുക്കുന്നു.

Sunday, May 23, 2010

തുരുമ്പ്

മത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.
എത്ര തുരുമ്പ് കേറിയാലും
അയാളാ ജോലി
ഉപേക്ഷിച്ച് പോവില്ലെന്ന്
എല്ലാവര്‍ക്കുമറിയാം.

നാട്ടില്‍ പോയി
തിരിച്ചു വരുന്ന സുഹൃത്തുക്കളോട്
ഭാര്യയ്ക്കും കുട്ട്യോള്‍ക്കും സുഖാണോന്നും
അവരുടെ പുതിയ ഫോട്ടോയെങ്ങാനും
കൊണ്ടു വന്നിട്ടുണ്ടൊന്നും ചോദിക്കും.

പഴയ ഇരുമ്പ് സാധനങ്ങളില്‍
വടിവാള്‍,കത്തി,കഠാര
അയാളുടെ ഓര്‍മ്മകളെ
മൂര്‍ച്ചപ്പെടുത്തും.

നാട്ടിലായിരുന്നെങ്കില്‍
ഒരു ജീവപര്യന്തം കഴിഞ്ഞ്
സുഖമായി ജീവിതം തുടങ്ങിയേനെ.
പക്ഷേ
മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും എന്നെ.

Wednesday, April 14, 2010

ഉടലറിവ്

പകുതി പാല്‍ വേണ്ട
ആകാശക്കൊട്ടാരത്തിലെ
രാജകുമാരനായി
എനിക്കു വേണ്ടി
ഒറ്റയാന്‍ വേഷമാടേണ്ട
നിന്റെ പൂര്‍വ്വകഥകള്‍ രാജ വിളംബരമാക്കേണ്ട
രാത്രി സ്വപ്നങ്ങളില്‍ മദിച്ചാടുന്ന
മദയാനയാവേണ്ട
ചതിയും ചുണയും ഞാന്‍ മുമ്പേ അറിഞ്ഞതാണ്.

ഇന്നു നീ പാരമ്പര്യത്തിന്റെ
കുതിരക്കുളമ്പടിയല്ല.
പൌരുഷ ഗാന്ധാര പ്രതീകമല്ല
വിഷവും,വിഷമവും
നിന്റെ കുത്തകയല്ല.

എല്ലുകള്‍ പഠിപ്പിക്കുന്നത്
കിടപ്പറയിലെ രഹസ്യങ്ങളാണ്
പാലും പഞ്ചാരയും ചേര്‍ത്ത്
എന്റെ മേനിക്കൊഴുപ്പ് വര്‍ണ്ണിക്കുമ്പോള്‍
വേണ്ട
ഈ കള്ളച്ചിരി,
ചുണ്ടില്‍ സഹാറയിലെ പൊള്ളുന്ന ജലധാര
ആയിരത്തൊന്നു രാവുകളിലെ
അനുരാഗ കഥകള്‍.
ഷഹറസാദല്ല ഞാന്‍
ആവില്ല എനിക്കിനി
കരി ശൈത്യമാകുവാന്‍

കിടപ്പറ നിലവറയുടെ ഇരുട്ടല്ല
ആഗ്രഹങ്ങളുടെ പറുദീസയല്ല
തിരിച്ചൊഴുക്കില്ലാത്ത വദ്യ മഹാ നദിയല്ല
അന്വേഷണത്തിന്റെ ഗുഹാമുഖമല്ല
വേദനയില്ലാത്ത ഒരു ജന്മം
ഞാനിന്ന് സ്വപനം കാണുന്നു.
എന്നിട്ടും നീയറിയുക
ദ്വാരകയിലെ കന്യകകളെ
എല്ലുകളിലെ മാംസപാഠങ്ങളെ
കിടക്കുന്നില്ലേ...
ചരിഞ്ഞ് കിടക്കരുത്
കമിഴ്ന്ന് കിടക്കരുത്
മലര്‍ന്ന് കിടക്കുക.
ഒടുവില്‍
കിടപ്പറയില്‍ വെറും വഴു വഴുപ്പായി
നീ ഒടുങ്ങിപ്പോവരുത്.

Saturday, March 27, 2010

ച്യുയിംഗം

അഞ്ചാം പിറന്നാളിന്റെ ഓര്‍മ്മയ്ക്ക്
സ്നേഹത്തിന്റെ
പട്ടുറുമാലിന് പകരം അവളെനിക്ക് സമ്മാനിച്ചത്
അധരം മുഴുവന് മധുരം നുണയാന്‍
ഒരു ച്യുയിംഗം
ഒട്ടിയ കവിളില് നിന്നും രക്ഷ നേടാനന്‍
മുഖ വ്യായാമത്തിന് ഒരു ഫോര്‍മുല
വേണമെങ്കില്‍
ഒരായുഷ്ക്കാലം മുഴുവന്
കുട്ടികളെപ്പോലെ ചവച്ച് രസിക്കാം

ശാഠ്യത്തിന്റെ പെരു വഴിയില്‍
അവന്റെ ആജ്ഞ നിറവേറ്റാന്‍
ഒരു ച്യുയിംഗം പാക്കറ്റിന്
ആ തെരുവ് മുഴുവന് ഞാനലഞ്ഞു
സ്റ്റോക്ക് തീര്‍ന്നിരിക്കുന്നുവെന്ന മറുവചനത്തില്‍
ഗല്ലികള്‍ മുഴുവന്‍ ചവച്ചു പിഴിഞ്ഞ
മധുരം മാഞ്ഞ ച്യുയിംഗങ്ങള്‍
അവന്റെ ആജ്ഞക്കു മുന്‍പില്‍
പെറ്ക്കിക്കൂട്ടാന് ഞനാഗ്രഹിച്ചു

ച്യുയിംഗം ചവച്ച് ചവച്ച്
ചുണ്ടുകളൊക്കെ അരഞ്ഞു തീര്‍ന്നിരിക്കുന്നു
ലിപ്സ്റ്റിക്ക് തേക്കാനായി
ഒരു വെപ്പ് ചുണ്ട്
ചവച്ചരയ്ക്കാന്‍ സ്വര്‍ണ്ണപ്പല്ല്
ഉമിനീരിന് പകരം മിനറല് വാട്ടര്‍
ശേഷം വാരാന്ത്യം
ആശയും കീശയും ശൂന്യം

ഇപ്പോള്‍ ഞാന്‍
ചവച്ച് പിഴിഞ്ഞ ഒരു ച്യുയിംഗം പോലെ
ഒടിഞ്ഞ് കുത്തി
അരാന്റെ കാല്‍ക്കീഴില്‍ ചതഞ്ഞരഞ്ഞ്
തേഞ്ഞ് പോയ ചെരിപ്പുകള്‍ക്കിടയില്‍ ഒട്ടിപ്പിടിച്ച്
രാഷ്ട്രീയക്കാരന്റെ
വക്ക് പൊട്ടിയ വാക്കു പോലെ
ദാ,ഇവിടെ ഇങ്ങനെ….
ഒടുവില്‍ പശയില്ലാക്കാലം വരുമ്പോള്‍
പട്ടിണിയുടെ ബാലപാഠം മറന്നു പോവുമ്പോള്‍
നാവിന് അക്ഷരങ്ങളുടെ രുചി അറിയാതാവുമ്പോള്‍
ചുണ്ടുകള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാന്‍
ഒരു ച്യുയിംഗം
എനിക്ക് സമ്മാനമായി ആര് തരും.

Saturday, March 20, 2010

യുവജനോത്സവ മത്സരത്തില്‍ ഇന്ന്














പേരറിയാത്ത
മരങ്ങളുടെ വേരുകളില്‍
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയുടെ
മനോഹരമായ
ശില്‍പ്പം തീര്‍ക്കുകയായിരുന്നു അവള്‍.

കഴിഞ്ഞ പ്രാവിശ്യം
ക്ലേ മോഡലിംഗിലായിരുന്നു മത്സരിച്ചത്.

അടുത്തെങ്ങും
വയലുകളില്ലാത്തതിനാല്‍
അച്ഛന്‍ കളിമണ്ണിന്
തിരക്കിപ്പോയിട്ട് വന്നതേയില്ല.

കാട്ടില്‍ വെട്ടിയിട്ട
ബാക്കിയായ മരങ്ങളൂടെ വേരുകള്‍
ഒടിച്ച് മടക്കിയതിന്റെ
തിണര്‍പ്പ് മാറും വരേയെങ്കിലും
മുറ്റത്ത് വെയിലേറ്റ് കിടന്നിരിക്കണം
അമ്മയോളം ഉണങ്ങിപ്പോയിരിക്കണം.

ഇനി തിരിച്ച് ചെല്ലുമ്പോള്‍ കൊണ്ടു പോവേണം
പകുതിയില്‍ തീര്‍ത്ത
ക്രൂശിത രൂപത്തേയും
താജ് മഹലിനേയും
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയേയും...
അടുപ്പിലെന്തെങ്കിലും വേവിക്കുവാന്‍...

Thursday, October 8, 2009

ആത്മ കഥയിലില്ലാത്ത ജീവിതം

പെണ്ണൊരുത്തി
പഠിക്കാന്‍ പോയിട്ട്
അഞ്ചെട്ട് ദിവസമായി

മഴയല്ലേ
അമ്മ പറഞ്ഞിട്ട്
കയ്യില്‍ ചുവന്ന കുടയുണ്ട്
ബേഗില്‍ നളിനി ജമീലയുണ്ട്
പത്തഞ്ഞൂറ് രൂപയുണ്ട്

നീലയില്‍ മഞ്ഞപ്പുള്ളികളുള്ള
ചൂരീദാറില്‍
വെളുത്ത അഞ്ചടി പൊക്കമുണ്ട്
കവിളീല്‍ കറുത്ത മറുകുമുണ്ട്

ആരെങ്കിലും കണ്ടെങ്കില്‍
9349424503 ല്‍ വിളിക്കണേ...
അടുത്തുള്ള
സ്റ്റേഷനില്‍ അറിയിക്കണേ....

Tuesday, July 28, 2009














പതിനാലാം നമ്പര്‍ ‍ബസ്സില്‍

കുന്നിറങ്ങുമ്പോള്‍
ബ്രേക്കും
ആക്സിലേറ്ററും
സ്റ്റിയറിംഗിനോട്
പ്രാര്‍ത്ഥിക്കും

മൈല്‍ കുറ്റികള്‍
ഞങ്ങളുടെ
ധ്യാനം മുറിക്കല്ലേ എന്ന്
പറയുമ്പോഴെക്കും
സീബ്രാ ലൈനില്‍
നീലയും വെള്ളയുമുടുപ്പിട്ട കുട്ടികള്‍
ഓറഞ്ജ്ജല്ലികള്‍
വാരി വിതറിയിട്ട്
കടന്നു പോവും.

നിരപ്പുകളില്‍
വേഗത
പൊരാ...പൊരാ‍യെന്ന്
ഓരോ ശ്വാസം മുട്ടലിലും
അവര്‍ വിളിച്ചു പറയും.
വളവുകളും,തിരിവുകളും
ആയത്തില്‍ ഊഞ്ഞാലിടും.
പിടി വിടുംബൊള്‍
പരസ്പരം ഉമ്മ വെക്കാന്‍ ശ്രമിക്കും.
ഉറങ്ങുന്നവര്‍ക്കു വേണ്ടി
ഡ്രൈവര്‍
മന്മ്മദ രാസാ....
മന്മ്മദ രാസാ...
എന്നുച്ചത്തില്‍
പാടുമായിരിക്കും.

നില്‍പ്പിണ്ടെ അയാസം
കുറക്കാനായി
കണ്ടക്ട്ടര്‍ എല്ലാവര്‍ക്കും
ഫ്രീ പാസ്സ്
അനുവദിച്ച്
അടുത്ത സ്റ്റൊപ്പില്‍ ഇറങ്ങിപ്പോവും

ലാസ്റ്റ് ബസ്സാണെന്ന
ആധിയില്‍ഓരോ
കൈവീശലും
കാഴ്ച്ചയൊടപ്പൊം
മറഞ്ഞ് പോവും
അപ്പൊഴും
മുന്നില്‍ പാഞ്ഞ്
പൊവുന്ന
പാണ്ടി ലോറിയെയും
ആംബുലന്‍സിനേയും
മറി കടക്കാന്‍
കിളി
അഞ്ഞാഞ്ഞ് ബെല്ല്
കൊടുത്ത് കൊണ്ടേയിരിക്കും.

Tuesday, April 7, 2009

വീടടയാളങ്ങള്‍

വീടിനെ ഉപമിക്കരുത്
വീട്ടുകാരനോളം
എടുപ്പ്
നടപ്പ്
ഇരിപ്പ്
വീട്ടുകാരിയോളം
















ഊതിയൂതി
ആകാശത്തെ വരക്കരുത്
മഴക്കാലമായാലത് മതി
പനിച്ച്
വിറച്ച്
ഓര്‍മ്മക്കിടക്കയില്‍ ഒട്ടിക്കിടക്കാന്‍
മരിച്ചവര്‍ ചിലപ്പോള്‍ വരും
പ്രഛന്ന വേഷരായ്
അതിനാല്‍
വാതിലില്ലാത്ത വീട്
നിന്റെ സ്വാസ്ഥയം കെടുത്തും
ഉടലടയാളങ്ങളില്‍
വെള്ളച്ചായമടിച്ചേക്കരുത്
യക്ഷിയെപ്പോലെ
എന്നേയും
നിന്നേയും
മോഹിപ്പിക്കാന്‍ അതുമതി.

എല്ലാ വീടും
ഒരു ദിവസം
ആകാശത്തെ വലയം വെക്കും
ഭൂമിയുടെ അച്ചുതണ്ടില്‍ തൂങ്ങി
ആത്മഹത്യ ചെയ്യും.

Sunday, March 22, 2009

മരിച്ചു പോയവരെക്കുറിച്ചെഴുതുമ്പോള്‍..

മരിച്ചു പോയവരെക്കുറിച്ച്
എഴുതുമ്പോള്‍
മുറുകി വരുന്ന വേദന
എങ്ങനെ കടിച്ചമര്‍ത്തിപ്പിടിക്കാനാവും


അടയാളപ്പെടുത്തേണ്ട
അവസാന നിമിഷവും
വാക്കുകള്‍
ശീതീകരിച്ച
ജീവിതത്തിണ്ടെ
മുറികളില്‍ നിന്നും
കത്തുന്ന തീയിലേക്ക്
ഇറങ്ങിപ്പോകുമായിരിക്കും














സ്വയം
വേവുകയല്ലാതെ
അക്ഷരങ്ങളെ
വരകളില്ലാത്ത പേപ്പറിലേക്ക്
പകര്‍ത്തുമ്പോള്‍
നിറങ്ങള്‍
മരിച്ചു വീഴുന്ന ചതുപ്പിലേക്ക്
ജീവനെ
എങ്ങനെ
ചവിട്ടിത്താഴ്ത്താനാവും

Tuesday, March 10, 2009

പെണ്ണറിയാന്‍





വാണിഭക്കരന്റെ
ഡയറിത്താളില്‍ നിന്നും
ഒടിഞ്ഞ് തൂങ്ങിയ ഒരു പെണ്ണിന്റെ മനസ്സ്
ആരോ ഒരാള്‍ വിലപേശുന്നു.

ഇവളുടെ കണ്ണില്‍
അമ്മ നടന്ന് പോയ
ആഴമുള്ളൊരു കിണറുണ്ട്
ചുണ്ടില്‍ വസന്തത്തിന്റെ ഓര്‍മ്മകളും
മുടിച്ചുരുളില്‍
എണ്ണമയമില്ലാത്ത
ബാല്യത്തിന്റെ സ്വപ്നങ്ങളുമുണ്ട്.

ഇവള്‍
കാറ്റിന്റെ വേഗതയ്ക്ക്
കണങ്കാല്‍ പോരന്നറിഞ്ഞവള്‍
‍നിലാവിനെ മറന്ന്
ഇമയനക്കമില്ലാതെ
ഇരുളിനെ കാത്തിരിക്കുന്നവള്‍
ആഗ്രഹങ്ങളെ ആറ്റിത്തണുപ്പിക്കുന്നവള്‍.

ഇവളുടെ കണ്‍കോണുകളില്‍
കരിമഷി പടര്‍ന്നിറങ്ങുമ്പോള്‍
മുല്ലപ്പൂവിന്റെ വാടിയ ഇതളുകളും
ആഴങ്ങളിലെവിടെയോ
ഒളിപ്പിച്ചു വെച്ച മുന്തിരിച്ചാറും
ഉടഞ്ഞൊരു ശംഖും ബാക്കിയാവുന്നു.

ഒടുവില്‍ പെണ്‍കുട്ടീ
നീയറിയുക
മറ്റാരൊ വാ പിളര്‍ക്കുമ്പോള്‍ നഷ്ടമാവുന്ന
മൂക്കും,ചുണ്ടും
നിന്റെതാണല്ലോ.

Saturday, March 7, 2009

കള്ള നോട്ടുകളിലെ ഗാന്ധിജി.


കുപ്പായക്കീശയിലെ വിയര്‍പ്പ് നാറുന്ന
വക്ക് കീറിയ
നൂറ് രൂപാ നോട്ടില്‍
ഗാന്ധിജിയുടെ
ജാതകം വായിക്കാം.

രേഖീയമായ
ഭാഷയായതിനാല്‍
വ്യാകരണം തെറ്റിച്ചു
വക്ര ബുദ്ധി.

അകവും,പുറവും
തിരത്തലുകളില്ലാത്തതിനാല്‍
ഇനിയും
ആരാച്ചാര്‍ വരും
ഗോദ്സയുടെ
തോക്കിന്‍ മുനയിലെ
ജാതകം തിരുത്തി
കത്തുന്ന കുപ്പായകീശയിലേക്ക്
വീണ്ടും ദണ്ഡിയാത്ര പോവും.

ഇനി കള്ളനോട്ടിന്റെ
മുക്കോണില്‍
അച്ചടി മഷി പരക്കും മുന്‍പ്
അന്ധനറിയാത്ത
പാല്‍ പുഞ്ചിരി
കാമിനിക്ക്
ഞാന്‍ കടം കൊടുക്കും.

Thursday, February 26, 2009

ചിത്രശലഭങ്ങളുടെ കണ്ണുനീര്‍


ഇലയിലാണെന്റെ ജീവനം
കാലവാഹിനിയാം ഋതുപ്പകര്‍ച്ച
നിലം തൊടാ ശൈശവ പ്രീണനം
മറുപടിയില്ലാത്തൊരാകാശക്കാഴ്ചകള്‍.

ഗഗന ചാരികള്‍
കുറുകും പ്രാവുകള്‍
ചിറകറ്റവ,ചുണ്ട് കീറാത്തവ
ഇഹം പരം ജീവന പ്രക്രിയ
ചിരിച്ചും,ചിറകട്ടടിച്ചും
തേന്‍ കൂടിനുള്ളില്‍
കണ്ണുനീര്‍ പ്രളയങ്ങള്‍.

മുറിവുണങ്ങാത്ത
വ്രണിത-നോവുകള്‍ക്കിട
യിലെപ്പൊഴോ
ജ്വരക്കിനാവുകള്‍
ഉടപ്പിറപ്പേ
ഇനി എന്റെ വിധി
ചിത്രശലഭക്കുഞ്ഞുങ്ങളുടെ
സ്വപ്നങ്ങള്‍മേല്‍
ഉറുമ്പുകള്‍
അടയിരിക്കേണ്ടിയിരിക്കുന്നു.

Sunday, February 15, 2009

വേട്ട


മരം പച്ച വെയില്‍ ചുമക്കുന്നു
ഇലകളില്ലാത്ത
ശാഖികള്‍ കൊണ്ട്
വേരുകളുടെ ജല പ്രാര്‍ത്ഥന.

ഉണങ്ങിയ ഒരു മരം
മഴ മേഘങ്ങളെ വേട്ടയാടുന്നു
അടിവാരത്തിലേക്ക്
ഇറങ്ങിപ്പോയ തായ് വേര്
പുനര്‍ജ്ജനിയുടെ
ഗ്രീഷ്മ സ്വപ്നങ്ങളുമായ്
ഇഴ ചേര്‍ന്ന് പിടയുന്നു
അവസാനത്തെ വേരും
ശീതീകരണത്തിണ്ടെ
കടല്‍ പരപ്പില്‍
ജലസവാരിയായ് അലഞ്ഞ്
ഉണങ്ങിയ
ഒരു വിത്ത് കണ്ട് കിട്ടുന്നു.

മേഘ വേഗങ്ങളുടെ
താഴ്വരയില്‍ നിന്നും
കാടുകള്‍ മല കയറുന്നു.
നിലാവിണ്ടെ തണലില്‍
കിളികള്‍
വൃക്ഷ ഭോഗത്തിണ്ടെ കഥ പറയുന്നു.
തിരിച്ചറിയാത്ത
മഴയടയാളങ്ങള്‍ ബാക്കി വെച്ച്
കത്തുന്ന പച്ച മരങ്ങള്‍ക്കിടയിലേക്ക്
ഒരു കാറ്റ്
വന്‍ കരകളെ സ്വയം വലയം ചെയ്യുന്ന
കപ്പല്‍ പായകളുമായ്
യാത്ര തിരിക്കുന്നു.

തീര്‍ച്ച,
അടിക്കാടും
നടുക്കാടും നഷ്ടപ്പെട്ട
പൂര്‍വ്വ സ്മൃതിയില്‍ നിന്നും
വേരുകള്‍
വെട്ടക്കിറങ്ങുന്ന
ഒരു ദിവസം വരും

Monday, February 2, 2009

തീരെ ചെറിയ...വലിയ ഒഴുക്കുകള്‍




പടിഞ്ഞാട്ട് പെയ്യേണ്ട
മേഘത്തെ
പകുത്ത്
വടക്കോട്ട് ഗതി മാറ്റി വിടും.

തെങ്ങോലത്തുമ്പത്തെ
ചാറലിനോടൊപ്പം
നനഞ്ഞ് വിറച്ച
അവളുടെ
കുടയും
ഇടവഴിയിലെ
ചെമ്പകച്ചോട്ടില്‍
ഒടിച്ച് കുത്തിയിടും.

നിണ്ടെ
ഒലിച്ച് വരവിനെ
പോയ വേനലിണ്ടെ ഓര്‍മ്മയ്ക്ക്
അമ്മ കുടത്തിലാക്കി വെക്കും.

തീരെ ചെറിയ ചാട്ടങ്ങള്‍
മീനിറങ്ങിപ്പോയ വഴിയിലൂടെ
അവരുടെ
കളി വള്ളങ്ങളെ
വഴി തെറ്റിച്ച് വിടും.

എണ്ടെ
പൂച്ചയേയും,പട്ടിയേയും
വലിയ വായിലെ
നിലവിളിയോടെ
നാട് കടത്തി വിടും,
വലിയ ഒഴുക്കുകള്‍.

അപ്പോള്‍
മഴ പെയ്ത്
ജീവിതങ്ങള്‍ ഒലിച്ച് പോവും
പകല്‍ വഴി ചുവക്കും.

Saturday, January 24, 2009

ആ മരത്തേയും കണ്ടു ഞാന്‍...




ഒമാനിലെ
സീബില്‍ നിന്നും
റൂബിയിലേക്കുള്ള
യാത്രയില്‍
നാലുവരി പാതയ്ക്കിരു വശവും
വരി വരിയായ് നില്‍ക്കുന്ന
ആല്‍ മരങ്ങളെ കാണാം..

ഇടക്ക്
തൊട്ട് തൊട്ടില്ലായെന്ന് മട്ടില്‍
ആരോ മാറി നട്ട
ഞാവലിന്‍ മരങ്ങള്‍

നീലിയാര്‍ കോട്ടത്തെ
പേടിപ്പിക്കുന്ന
ആല്‍ മരത്തെ,
പണിതീരാത്ത പുരയിടത്തിന്നരികില്‍
കുഞ്ചിയമ്മ
നട്ട് നനക്കുന്ന
ആ ഐശ്വര്യത്തിനെ,
എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന
എന്റെ അറബി സുഹൃത്ത്
അവണ്ടെ
വണ്ടിയിലെ
ഡാഷ് ബോര്‍ഡിലൊട്ടിച്ച
മനോഹരമായ കുട്ടിയെന്ന
കൃഷ്ണനെ,
ഇലകളില്ലാതെ
ശാഖി കൊണ്ട്
മകള്‍ വരഞ്ഞ
ആദ്യ മരത്തെ...
അപ്പോള്‍
ഓരോ യാത്രയിലും
അതെന്നെ ഓര്‍മ്മിപ്പിക്കും

ചിലപ്പോള്‍ ഞാനും
ആഗ്രഹിച്ചിട്ടുണ്ട്
തണുത്ത പുല്‍തകിടിയില്‍ വീണ
ബാല്യത്തിണ്ടെ കറുത്ത
ഞാവല്‍ പഴങ്ങളെ
അറബികളുടേയും,
ബംഗാളികളുടേയും,
മിസിരികളുടേയൊ കൂടെ
പെറുക്കി കൂട്ടാന്‍...
ആലിന്‍ തണലിലിരുന്ന്
തിന്നുമ്പോള്‍
എല്ലാ വെയില്‍ ദിനങ്ങളേയും
മറന്നു പോവാന്‍...

പിന്നിടെപ്പോഴോ
വര്‍ഷങ്ങള്‍ കഴിഞ്ഞ്
ആ വഴി തിരിച്ച് വരുമ്പോള്‍
ആലിന്‍ മരങ്ങളുടെ സ്ഥാനത്ത്
വരി വരിയായി
തലയുയര്‍ത്തി നില്‍ക്കുന്ന
ഈന്തപ്പന മരങ്ങളെ കണ്ടു.

എന്നാലും
ഒരൊറ്റ മരവുമില്ലാത്ത
എന്റെ വീടിണ്ടെ
ടെറസ്സില്‍
ഒരു ബോണ്‍സായി മരമായ്
നിന്നെ ഞാന്‍ സൂക്ഷിച്ച് വെക്കും.

Tuesday, January 6, 2009

ഇലയേ...



കിളി
മേഘങ്ങള്‍ക്കിടയില്
കുളികഴിഞ്ഞ്,
മരം കുടഞ്ഞിട്ട തൂവലായ്
ഇലകള്‍ക്കിടയിലിപ്പോള്‍
നീയും,
ഞാനും
ഇലപ്പച്ച കൊണ്ട്
പുതപ്പിച്ചുറക്കാം
ഇരുട്ടിന്റെ താളം
മറക്കാതെ നീയും.

Thursday, October 23, 2008

മടക്കം



കുളിച്ച് കേറിയപ്പോള്‍
കൊക്കായിരുന്നു.

പുലര്‍ച്ചെ
അവളുടെ മുറ്റത്ത്
ചികയാന്‍
പോയപ്പോള്‍
അവരെന്നെ
ആട്ടിയോടിച്ചു.

വീണ്ടും
കുയിലിണ്ടെ
കൂട്ടിലേക്ക്
ഞാന്‍ മടങ്ങിപ്പോയി.

Monday, October 20, 2008

അറിഞ്ഞതില്‍ പാതി




നിങ്ങളെല്ലാരും
കണ്ടതല്ലേ...
അവളെന്ന
ഒറ്റ മരത്തില്‍
തൂങ്ങിയാടുന്ന
ഞാനെന്ന
വവ്വാലിനെ.