മത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.
എത്ര തുരുമ്പ് കേറിയാലും
അയളാ ജോലി
ഉപേക്ഷിച്ച് പോവില്ലെന്ന്
എല്ലാവര്‍ക്കുമറിയാം.
നാട്ടില്‍ പോയി
തിരിച്ചു വരുന്ന സുഹൃത്തുക്കളോട്
ഭാര്യയ്ക്കും കുട്ട്യോള്‍ക്കും സുഖാണോന്നും
അവരുടെ പുതിയ ഫോട്ടോയെങ്ങാനും
കൊണ്ടു വന്നിട്ടുണ്ടൊന്നും ചോദിക്കും.
പഴയ ഇരുമ്പ് സാധനങ്ങളില്‍
വടിവാള്‍,കത്തി,കഠാര
അയാളുടെ ഓര്‍മ്മകളെ
മൂര്‍ച്ചപ്പെടുത്തും.
നാട്ടിലായിരുന്നെങ്കില്‍
ഒരു ജീവപര്യന്തം കഴിഞ്ഞ്
സുഖമായി ജീവിതം തുടങ്ങിയേനെ.
പക്ഷേ
മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും എന്നെ.
3 comments:
മുമ്പ് വായിച്ചതായോർക്കുന്നു.റീപോസ്റ്റ് ആണോ..?
പുതുവത്സരാശംസകള്‍ ...!!
നന്നായിട്ടുണ്ടെടാ.......പ്രവാസത്തിന്റെ തുരുമ്പിച്ച വിരഹവും സ്നേഹവും കാരുണ്യവും ഇതിലുണ്ട്.......
Post a Comment