Sunday, July 18, 2010

മഴ നിഴല്‍ പ്രദേശം

മറയൂരിലെ മൊട്ടക്കുന്നുകളില്‍
ഒലിച്ച് പോകാത്ത സ്വപനങ്ങളുണ്ട്.
ഒരു പക്ഷേ
ഉഴുതു മറിക്കുമ്പോള്‍
കിളിര്‍ക്കുകയും
കായ്ക്കുകയും ചെയ്യുന്നവ.

ഹൃദയത്തിന്റെ ഉടഞ്ഞ ഭൂമികയില്‍ നിന്നും
കള്ളിമുള്‍ച്ചെടികളുടെ തായ്‌വേരുകള്‍
ശീതീകരണത്തിന്റെ
ഏത് ജലപ്പരപ്പുകളിലാണഭയം തേടിയത്.
നാഞ്ചനും,രാമനും
ജാനുവും,മാണിയും
ഒരേ കലപ്പ കൊണ്ട് ഉഴുന്നു.
ഒരേ കണ്ണാല്‍ കാണുന്നു
ഒരേ കുടിലില്‍ അന്തിയുറങ്ങുന്നു.

മറയൂരിലെ പെണ്ണുങ്ങളിപ്പോള്‍
ചടുല താളത്തില്‍
മേഘമല്‍ഹാര്‍ പാടുന്നു.
പൊട്ടാത്ത ഒരോ വിത്തും
തണല്‍ കൊതിക്കാത്ത ഓരോ മരവും
പെയ്തൊഴിയാത്ത
മേഘങ്ങളെ നോക്കി ക്ഷുഭിതരാകുന്നു.
വര്‍ഷമാപിനിയളക്കാതെ
പെയ്യാനുള്ള സാധ്യതകളെ
വിലയിരുത്തുന്നു.
മുളവടിയും പനമ്പട്ടയും
മറച്ച ഊരുകളില്‍
മണ്ണിന്റേയും വിശപ്പിന്റേയും
നിലവിളിയറിയാത്ത കഞ്ഞുങ്ങള്‍ക്ക്
നാറാണത്തുഭ്രാന്തന്റെ
കഥ പറഞ്ഞുകൊടുക്കുന്നു.

12 comments:

ഏറുമാടം മാസിക said...

മുളവടിയും പനമ്പട്ടയും
മറച്ച ഊരുകളില്‍
മണ്ണിന്റേയും വിശപ്പിന്റേയും
നിലവിളിയറിയാത്ത കഞ്ഞുങ്ങള്‍ക്ക്
നാറാണത്തുഭ്രാന്തന്റെ
കഥ പറഞ്ഞുകൊടുക്കുന്നു

ജസ്റ്റിന്‍ said...

ഒരു വല്ലാത്ത കവിത തന്നെയാണല്ലോ മാഷെ. അര്‍ത്ഥതലങ്ങള്‍ വളരെ വിശാലവും ഉള്ളടക്കം ഉപകഥകള്‍ നിറഞ്ഞതുമാണ്. ഈ എളിയ വായനക്കാര്‍ന് കവിത ബോധിച്ചു.

Gopika said...

nannayittundu...

ഒരു യാത്രികന്‍ said...

ഇഷ്ടമായി നാട്ടുകാരാ.......സസ്നേഹം

t.a.sasi said...

കൂടാളി ;
കവിതയെ വിലയിരുത്താന്‍
ആവില്ലെങ്കിലും
മറയൂരിലേക്കു പോകുന്നുണ്ട്
വായനക്കാരന്റെ ഉള്ള്,
അതു തന്നെ കവിതയുടെ വിജയവും..

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

നാസര്‍ക്ക വീണ്ടും തകര്‍ത്തു
പക്ഷെ എന്‍റെ മനസ്സില്‍ ഇപ്പോഴും പണ്ട് ആര്‍ട്സ് കോളേജിന്റെ ബെഞ്ചില്‍ ഇരുന്നു പാടിയ മഞ്ജുവാര്യര്‍ കവിത തന്നെ ഉള്ളത് അത് ഒന്ന് പുന പ്രസിധീകരിക്കാവോ?

മനോഹര്‍ മാണിക്കത്ത് said...

കൈ ചൂണ്ടിയത് തെറ്റിയിട്ടില്ലാ..
അതാണ് ഈ എഴുത്തിന്റെ വിജയവും
നന്നായി..

Vineeth Rajan said...

മുളവടിയും പനമ്പട്ടയും
മറച്ച ഊരുകളില്‍
മണ്ണിന്റേയും വിശപ്പിന്റേയും
നിലവിളിയറിയാത്ത കഞ്ഞുങ്ങള്‍ക്ക്
നാറാണത്തുഭ്രാന്തന്റെ
കഥ പറഞ്ഞുകൊടുക്കുന്നു

naakila said...

ശില്പഭദ്രതയുളള ഒതുക്കമാര്‍ന്ന കവിത
വീണ്ടും നാസര്‍ ടച്ച്

സന്തോഷ്‌ പല്ലശ്ശന said...

മറയൂരിലെ മണ്ണില്‍ വിരിയാന്‍ കാത്തുകിടക്കുന്ന സ്വപനങ്ങളെ... ഊരുകളിലെ ഉറവവറ്റാത്ത നേരിനെ കാണുന്ന കവിത. ഓരോ വരികള്‍ക്കുമിടയില്‍ മറയൂരിലെ മൊട്ടക്കുന്നുകളുടെ ചെമ്പിച്ച മുഖം കാണാം

SHYLAN said...

നാസറിന്റെ ഇതിനു മുന്‍പ് ഞാന്‍ വായിച്ച എല്ലാ കവിതകളും ഇതിലും നല്ലതും മനോഹരവും ആയിരുന്നു.. മറയൂരില്‍ പലതവണ മുന്‍പ് ഞാന്‍ പോയപ്പോള്‍ കണ്ടതും അറിഞ്ഞതുമായ കാഴ്ചകളും അങ്ങനെ തന്നെ...!!! എന്റെ (മാത്രം) അഭിപ്രായത്തില്‍ ഇതില്‍ കൂടുതല്‍ കവിത നാസരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്..

Vinodkumar Thallasseri said...

കവിത വാക്കിലും വരിയിലും കണ്ട്‌ മനസ്സിലാക്കേണ്ടതല്ല. അത്‌ അനുഭവിച്ചറിയേണ്ടതാണ്‌. അങ്ങനെയുള്ള അനുഭവം കവിത തന്നു.