Tuesday, March 10, 2009

പെണ്ണറിയാന്‍





വാണിഭക്കരന്റെ
ഡയറിത്താളില്‍ നിന്നും
ഒടിഞ്ഞ് തൂങ്ങിയ ഒരു പെണ്ണിന്റെ മനസ്സ്
ആരോ ഒരാള്‍ വിലപേശുന്നു.

ഇവളുടെ കണ്ണില്‍
അമ്മ നടന്ന് പോയ
ആഴമുള്ളൊരു കിണറുണ്ട്
ചുണ്ടില്‍ വസന്തത്തിന്റെ ഓര്‍മ്മകളും
മുടിച്ചുരുളില്‍
എണ്ണമയമില്ലാത്ത
ബാല്യത്തിന്റെ സ്വപ്നങ്ങളുമുണ്ട്.

ഇവള്‍
കാറ്റിന്റെ വേഗതയ്ക്ക്
കണങ്കാല്‍ പോരന്നറിഞ്ഞവള്‍
‍നിലാവിനെ മറന്ന്
ഇമയനക്കമില്ലാതെ
ഇരുളിനെ കാത്തിരിക്കുന്നവള്‍
ആഗ്രഹങ്ങളെ ആറ്റിത്തണുപ്പിക്കുന്നവള്‍.

ഇവളുടെ കണ്‍കോണുകളില്‍
കരിമഷി പടര്‍ന്നിറങ്ങുമ്പോള്‍
മുല്ലപ്പൂവിന്റെ വാടിയ ഇതളുകളും
ആഴങ്ങളിലെവിടെയോ
ഒളിപ്പിച്ചു വെച്ച മുന്തിരിച്ചാറും
ഉടഞ്ഞൊരു ശംഖും ബാക്കിയാവുന്നു.

ഒടുവില്‍ പെണ്‍കുട്ടീ
നീയറിയുക
മറ്റാരൊ വാ പിളര്‍ക്കുമ്പോള്‍ നഷ്ടമാവുന്ന
മൂക്കും,ചുണ്ടും
നിന്റെതാണല്ലോ.

1 comment:

ഏറുമാടം മാസിക said...

ഒടുവില്‍ പെണ്‍കുട്ടീ
നീയറിയുക
മറ്റാരൊ വാ പിളര്‍ക്കുമ്പോള്‍ നഷ്ടമാവുന്ന
മൂക്കും,ചുണ്ടും
നിന്റെതാണല്ലോ