Saturday, December 22, 2007

ഉപ്പ്


ഉപ്പ് കുറുക്കി
തിരിച്ചു വരുമ്പോള്‍
അച്ഛന്‍റെ കയ്യിലെപ്പോഴും
കല്ലുപ്പുണ്ടായിരിക്കും.


മീനെന്നു കരുതി
കുറിഞ്ഞിപ്പൂച്ച
മ്യാവൂ, എന്നു കരഞ്ഞ്
കുറുകെ ചാ‍ടും.


നാലാം ക്ലാസ്സിലെ
റജിനയുടെ
സാമുഹ്യ പാഠപുസ്തകത്തില്‍ നിന്നും
ഗാന്ധിജി ഇറങ്ങി വന്നു
വെറുപ്പോടെ
പൂച്ചയെ
ആട്ടിപ്പായിക്കും.


ആരെങ്കിലും
കടം
വാങ്ങുവാന്‍
വരുമൊ എന്ന
ആധി കൊണ്ട്
അമ്മ
വേഗമത്
അടുക്കള മൂലയിലെങ്ങാനോ
ഒളിപ്പിച്ചു വെക്കും.


ഒരോ കണ്ണുനീരും
ഉപ്പെന്ന
ഘര രൂപമാണെന്നും
കാണെക്കാണെ
കടലിലേക്കൊഴികിപ്പോയെന്നും
കവിതയില്‍‍
ഞാനിന്ന് കുറിച്ചു വെക്കും.


ഉപ്പ് കുറുക്കിതിരിച്ചു വരുമ്പോള്‍.....

No comments: